വ്യവസായ സംരംഭങ്ങൾ ധാരാളമായി നിലവിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എസ് സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ എം.ഡി ശ്യാമള, കെ.എഫ്.സി ചീഫ് മാനേജർ ഉമേഷ് ബാബു, ടൗൺ പ്ലാനർ സത്യബാബു എന്നിവർ സംസാരിച്ചു. സംഗമത്തിൽ വി.കെ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കിൻഫ്രാ പാർക്കിൽ 5 ഏക്കർ സ്ഥലം അനുവദിച്ച ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജില്ലയിലെ മികച്ച വനിതാ സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെ അവാർഡ് ലഭിച്ച കൽപ്പറ്റ ബേയ്ക്ക് ഹൗസ് ഉടമ പി.എം നിഷയെ ചടങ്ങിൽ ആദരിച്ചു. സംരംഭകത്വ സഹായ പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കപ്പട്ട സ്ഥാപനങ്ങൾക്കുള്ള ഉത്തരവും ജില്ലയിൽ വ്യവസായ ജാലകം സർവ്വേ വിജയകരമായി പൂർത്തിയാക്കിയ വ്യവസായ വികസന ഓഫീസർമാർക്കുളള അവാർഡുകളും വിതരണം ചെയ്തു. ടെക്‌നിക്കൽ സെഷനിൽ നവസംരംഭകർക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. വ്യവസായം-വാണിജ്യം-തൊഴിൽ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്) ജി.എസ്.റ്റി സംരംഭകർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ, കേരള നിക്ഷേപ സൗഹൃദ പ്രോത്സാഹന ഓർഡിനൻസ്-2017, പ്രോഡക്ട് മാർക്കറ്റിംഗിൽ സോഷ്യൽ മീഡിയയുടെ പങ്ക് എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു.