ശുദ്ധജലം ലഭ്യമാകേണ്ടത് ജനങ്ങളുടെ അവകാശം: മന്ത്രി കെ. കൃഷ്ണൻ കുട്ടി
ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം വീടുകളിൽ പൈപ്പുവഴി കുടിവെള്ളം ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി യുണിസെഫിന്റെ സഹായത്തോടെ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേേഷനും കേരള റൂറൽ വാട്ടർ സപ്ലെ ആൻഡ് സാനിറ്റേഷൻ ഏജൻസിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജലഗുണനിലവാര പരിശോധനാ ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ ഏജൻസികൾ നടത്തുന്ന ശുദ്ധജല ഗുണനിലവാര പരിശോധന ഫലങ്ങളും വിവരങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധ സംഘടനയായ എസ്.ഇ.യു.എഫ് ആണ് സംവിധാനം തയ്യാറാക്കിയത്. സാമൂഹ്യ കുടിവെള്ള പദ്ധതികൾ കാര്യക്ഷമാമായി നടത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രവർത്തന മാർഗങ്ങളുടെ ചർച്ചയാണ് ഏകദിന ശില്പശാലയിൽ നടന്നത്.
ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർ മൃൺമയി ജോഷി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പിനാക്കി ചക്രബർത്തി, സജി സെബാസ്റ്റ്യൻ, എസ്.ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. ശില്പശാലയിലെ ചർച്ചകളിൽ യുണിസെഫ് പ്രതിനിധികൾ, ജല അതോറിറ്റി, കെ.ആർ.ഡബ്ല്യു.എസ്.എ ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.