യൂസര്‍ ഫീ നല്‍കണം-ജില്ലാ കളക്ടര്‍
ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന് സജ്ജമായ ഹരിത കര്‍മ്മ സേനയ്ക്ക് മുന്നേറാന്‍ വേണ്ടത് ജനപിന്തുണ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്കരണത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസര്‍ ഫീ ഈടാക്കി ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നത്.
കൃത്യമായി ഇടവേളകളില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്കരിക്കുകയാണ് ഇവരുടെ ചുമതല. മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍നിന്നും കടകളില്‍നിന്നും യൂസര്‍ ഫീ ഇനത്തില്‍ മാസം തോറും നല്കുന്ന തുകയാണ് വരുമാനം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സേനയുണ്ടെങ്കിലും കൃത്യമായി യൂസര്‍ ഫീ ലഭിക്കാത്തത് പ്രവര്‍ത്തനത്തിന് തടസമാകുന്നു.
നാട്ടുകാരുടെ പൂര്‍ണ സഹകരണമുള്ള മേഖലകളില്‍ പ്രതിമാസം ഇരുപതിനായിരം രൂപവരെ വരുമാനമുള്ള സേനാംഗങ്ങളുണ്ട്. പക്ഷെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ചു വയ്ക്കുന്നതിനും സേനയ്ക്ക് കൈമാറുന്നതിനും ആളുകള്‍ തയ്യാറാകാത്തത് പല സ്ഥലങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു.
സേനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും അതുവഴി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനും പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. നാടിന്റെ സുരക്ഷയെക്കരുതിയുള്ള വലിയൊരു മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചുവച്ച് അവര്‍ക്ക് കൈമാറുന്നതിനും യൂസര്‍ ഫീ നല്‍കുന്നതിനും എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.