വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത മികവുകളെ സമൂഹവുമായി പങ്കുവെക്കാന്‍ പെരിയ ജി.എല്‍.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍  പഠനോത്സവം നടത്തി. പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠനോത്സവത്തില്‍ സ്‌കൂളിലെ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളുടെ പഠന മികവുകള്‍ തിരിച്ചറിയുന്നതിന് എത്തിച്ചേരുകയും  പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി തീരുകയും ചെയ്തു.
ചിത്രങ്ങള്‍ കണ്ട് കടങ്കഥകളും വിവരണങ്ങളും കഥകളും തയ്യാറാക്കിയ കുട്ടികള്‍ കുഞ്ഞു വായനയിലൂടെ തങ്ങളുടെ മികവുകള്‍ ഒന്നൊന്നായി പുറത്തെടുത്തു. തത്സമയം ലഭിച്ച സന്ദര്‍ഭങ്ങളെ നാടകവത്കരിച്ചും സംഭാഷണങ്ങള്‍ തയ്യാറാക്കിയും ഇംഗ്ലീഷിലുള്ള ശേഷികള്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. രസകരമായ കളികളിലൂടെ ഗണിത ലോകത്തിന്റെ വിസ്മയങ്ങള്‍ തുറന്ന വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ഒരുമിച്ചപ്പോള്‍ പഠനോത്സവം നാടിന്റെ ഉത്സവമായി മാറി. പഠനോത്സവം പുല്ലൂര്‍ -പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ-ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി. ബിന്ദു, വാര്‍ഡ് മെമ്പര്‍ കുമാരന്‍, ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എ. ജയചന്ദ്രന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി.എം സത്യന്‍ നന്ദിയും പറഞ്ഞു.