മാര്‍ച്ച് 10ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ജില്ലയില്‍ 19902 പേര്‍ എഴുതും. ഇതില്‍ 9221 പേര്‍ ആണ്‍കുട്ടികളും 10681 പേര്‍ പെണ്‍കുട്ടികളുമാണ്. 257 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കോട്ടയം വിദ്യാഭ്യാസ ഉപജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 94 സെന്ററുകളിലായി 7924പേര്‍.
 
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലയിലാണ്. 42 കേന്ദ്രങ്ങളിലായി 3353 പേര്‍. കാഞ്ഞിരപ്പള്ളിയില്‍ 72 കേന്ദ്രങ്ങളും 5229 വിദ്യാര്‍ഥികളും പാലായില്‍ 49 കേന്ദ്രങ്ങളും 3396 വിദ്യാര്‍ഥികളുമാണുള്ളത്. എല്ലാ ദിവസവും രാവിലെ 9.45നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ നടത്തിപ്പിന്റെ തയ്യാറെടുപ്പുകള്‍ പുരോഗമിച്ചു വരികയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ. അജിതകുമാരി അറിയിച്ചു.