പകര്‍ച്ച വ്യാധികളുണ്ടാകുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും ജനങ്ങളുടെ ഭീതി അകറ്റാനും മാധ്യമങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു.
ആരോഗ്യസുരക്ഷയ്ക്ക് വെല്ലുവിളികള്‍ ഉയരുന്ന കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ആരോഗ്യവകുപ്പും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗ് നടത്തുമ്പോള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍കൂടി മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയ വശങ്ങള് മനസിലാക്കുകയും അത് മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതിനൊപ്പം നേരിട്ട് ഇടപെടുന്നവരോടു പങ്കുവയ്ക്കുകയും വേണം-അദ്ദേഹം പറഞ്ഞു.
തൊഴിലുമായി ബന്ധപ്പെട്ട് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യം വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി മാസ്കുകളും സാനിറ്റൈസറും ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൊറോണ വൈറസ് ബാധയ്ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍ദ്രം മിഷന് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍ വിശദീകരിച്ചു.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ്, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍, പി.ആര്.ഡി അസിസ്റ്റന്റ് എഡിറ്റര്‍ കെ.ബി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.