* പ്രയോജനം ലഭിക്കുന്നത് 13.5 ലക്ഷം പേർക്ക്
സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ മൂന്നു ലക്ഷത്തോളം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും രണ്ടു ലക്ഷത്തോളം കൗമാര പ്രായക്കാർക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നേരത്തെതന്നെ പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേർക്കാണ് ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഏകോപനത്തിൽ പ്രോഗ്രാം ഓഫീസർമാർ, സി.ഡി.പി.ഒ.മാർ, സൂപ്പർ വൈസർമാർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നത്. അങ്കണവാടികൾക്ക് അവധി നൽകിയ സാഹചര്യത്തിൽ അവരുടെ വളർച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.