കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നീതിക്കായൊരു കൂട്ടായ്മ നീതം 2018 ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ പൊതുചർച്ചയും അഭിപ്രായ രൂപീകരണവും നടത്തുന്നു. അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധവും പ്രതികരണവും അയൽക്കൂട്ടങ്ങളിൽ എന്ന വിഷയം ഏകദിന സംഗമത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ തുടക്കമാണ് ഈ അയൽക്കൂട്ട സംഗമം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഫെബ്രുവരി 10ന് എല്ലാ അയൽക്കൂട്ടങ്ങളിലും ക്യാമ്പയിൻ നടത്തും. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പുരുഷൻമാരും കുടുംബാംഗങ്ങളും കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിൽ പങ്കെടുക്കും. 17ന് സഹയാത്ര സംഗമവും ജില്ലാതല കൂട്ടായ്മയും സംഘടിപ്പിക്കുന്നു.
സ്ത്രീ ശിശുസൗഹാർദ്ദ അയൽക്കൂട്ടം എന്ന ലക്ഷ്യം മുൻനിർത്തിയാണ് നീതം 2018 ക്യാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അംഗൻവാടികൾ, മറ്റ് സാമൂഹിക സുരക്ഷാ സ്ഥാപനങ്ങൾ എന്നിവയും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടി ജില്ലാമിഷന്റെ മേൽനോട്ടത്തിൽ ജെൻഡർ ഹെൽപ്പ്ഡസ്ക് സ്നേഹിതയാണ് ഏകോപിപ്പിക്കുന്നത്. മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, സാംസ്കാരിക പരിപാടികൾ, വിളംബരജാഥ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടത്തുമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ റ്റി.ജി. അജേഷ് അറിയിച്ചു.
