പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഇവരുമായി നേരിട്ട് മന്ത്രി ചര്‍ച്ച നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വൃദ്ധ ദമ്പതികളെ പരിചരിച്ച രേഷ്മ രോഗമുക്തി നേടിയ ശേഷം ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും സേവനമനുഷ്ഠിക്കാന്‍ എത്തുമെന്ന് പറഞ്ഞത് എല്ലാവര്‍ക്കും ഊര്‍ജം പകരുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്ല പരിശീലനവും മതിയായ സുരക്ഷയും ഉറപ്പ് വരുത്തുന്നുണ്ട്.

ജീവനക്കാര്‍ക്ക് രോഗം വരാതെ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ആരും മാനസികമായി തളരരുത്. പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും ആരോഗ്യ വകുപ്പ് ഡയറക്ടറേയോ സെക്രട്ടറിയേയോ മന്ത്രിയേയോ നേരിട്ടറിയിക്കാവുന്നതാണ്. ധീരമായി ഒന്നിച്ച് പൊരുതി കോവിഡിനെ തോല്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

100 ഓളം ആരോഗ്യ പ്രവര്‍ത്തകരുമായാണ് മന്ത്രി നേരിട്ട് സംവദിച്ചത്. കൂടാതെ ഇവരുടെ മാനസികോല്ലാസത്തിന് സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും പങ്കെടുത്തു. അത്ഭുതത്തോടും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചു. ‘നീ മുകിലോ പുതുമഴ മണിയോ…’ എന്ന ഗാനം സിതാര പാടിയപ്പോള്‍ എല്ലാവരേയും അത്ഭുപ്പെടുത്തി ജീവനക്കാര്‍ സിതാരയുമായി മത്സരിച്ച് പാട്ടു പാടാന്‍ തുടങ്ങി. സിതാര കൂടി പ്രോത്സാഹിച്ചപ്പോള്‍ അത് വലിയൊരു പാട്ട് മത്സരത്തിന് വേദിയാകുകയും ചെയ്തു.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.