അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്രയ്ക്ക് കഴിഞ്ഞദിവസം കേന്ദ്രം അനുമതി നൽകിയിരുന്നു.
കേരളത്തിൽ 3.6 ലക്ഷം അതിഥി തൊഴിലാളികൾ 20,826 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ഇവരിൽ 99 ശതമാനംപേരും അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ, ഒഡിഷ, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽപേരും.
നേരത്തെ തന്നെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നോൺ-സ്‌റ്റോപ്പ് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
കേന്ദ്ര സർക്കാരിൽ നിന്നുള്ള ഉത്തരവുപ്രകാരം ബസുകളിൽ ഇത്തരക്കാരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും അതിഥി തൊഴിലാളികളെ ബസുകളിൽ കൊണ്ടുപോകുന്നത് പ്രായോഗികമല്ല. മാത്രമല്ല, രോഗവ്യാപന സാധ്യതയും കണക്കിലെടുക്കണം.
അതുകൊണ്ടുതന്നെ, അതിവേഗ, നോൺ-സ്‌റ്റോപ്പ് ട്രെയിനുകൾ അതിഥി തൊഴിലാളികളെ സാമൂഹ്യഅകലം പാലിച്ച് നാട്ടിലെത്തിക്കാൻ അനുവദിക്കണമെന്നും ട്രെയിനുകളിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യ സംഘത്തെയും അനുവദിക്കണമെന്നും കത്തിലൂടെ ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.