എറണാകുളം: കൊച്ചി നഗരത്തിലെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ചുള്ളിക്കല്‍ പ്രദേശത്തെ ഇന്ന് (30/ 4/20) അര്‍ദ്ധരാത്രിയോടെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 65-ാം ഡിവിഷനായ കലൂർ സൗത്ത് കത്രിക്കടവ് മേഖല ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ തുടരും.

ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് അറിയിച്ച മന്ത്രി ജില്ലയില്‍ അവശേഷിക്കുന്ന ഏക കോവിഡ് രോഗിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായതായും അറിയിച്ചു. നാളെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായാല്‍ ജില്ല കോവിഡ് 19 രോഗമുക്തമാകും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു.

വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. നാളെ നാവികസേനാ ഉദ്യോഗസ്ഥരും തുറമുഖ അധികൃതരും പങ്കെടുക്കുന്ന യോഗം ചേരും..

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും ജില്ലയില്‍ ഒത്തൊരുമിച്ച് മുന്നേറുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ വിദേശത്ത് നിന്ന് എത്താന്‍ സാധ്യതയുള്ളവരുടെ കണക്കുകള്‍ തയ്യാറായതായി അറിയിച്ച മന്ത്രി ഇവര്‍ക്കാവശ്യമായ വീടുകളും താമസസൗകര്യങ്ങളും കണ്ടെത്തിയതായും കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍മ്മാണമേഖലയില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ലോക്ക്ഡൗണി്ല്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അടുത്തമാസം മൂന്ന് വരെ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കൂട്ടിച്ചേർത്തു. അതിഥി സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അവരുടെ മാതൃഭാഷകളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ബോധവത്ക്കരണവും നടക്കുന്നുണ്ട്. ജില്ലയില്‍ എത്തുന്ന അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ജി. പൂങ്കുഴലി, എസ്.പി കെ. കാര്‍ത്തിക്, ഡി.എം.ഒ എന്‍.കെ കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.