എറണാകുളം: സഹപാഠികൾക്കുള്ള തുണി മാസ്കുകൾ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെയും, ജൂനിയർ റെഡ്ക്രോസ് യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാർത്ഥികൾ.
മാസ്കുകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് മുന്നോട്ട് വച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ വിദ്യാർത്ഥികൾ മാസ്ക് നിർമ്മിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന എസ്.എൽ.സി, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ സ്വന്തം സ്കൂളിൽ പൊതുപരീക്ഷയെഴുതുന്ന സഹപാഠികൾക്കും അധ്യാപകർക്കുമാണ് ആദ്യഘട്ടമെന്ന നിലയിൽ മാസ്ക്ക് നിർമ്മിക്കുന്നത്. പരിസരസ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമുള്ള മാസ്കുകൾ കൂടി നിർമ്മിക്കുന്ന ശ്രമത്തിലാണിവർ.
ആരോഗ്യ വകുപ്പിൻ്റെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് മാസ്ക് നിർമ്മാണം, മാസ്ക് നിർമ്മിയ്ക്കുവാൻ പ്രത്യേകിച്ച് ഫണ്ടില്ലാത്തതിനാൽ സന്നദ്ധ സേവനമെന്ന നിലയിലാണ് നിർമ്മിക്കുന്നത്. തയ്യൽ മെഷീൻ ഉള്ള വിദ്യാർത്ഥികൾ മാസ്ക് തയ്യാറാക്കും ,ബാക്കിയുള്ളവർ തുണികൾ വെട്ടിയൊരുക്കുകയും കെട്ടാനുള്ള ചരട് തയ്യാറാക്കുകയും ചെയ്യും, കോട്ടൺ തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തുവാനും സഹായത്തിനും പി.ടി.എ യുടെ സഹായവുമുണ്ട്.
അധ്യാപകർ ഫോണിലൂടെ മാസ്ക് നിർമ്മാണത്തിനുള്ള രീതികളും മറ്റു നിർദ്ദേശങ്ങളും നൽകും, കേരള ലക്ഷദീപ് റീജിയണൽ ഡയറക്ടർ സജിത് ബാബു, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ പി. രഞ്ജിത് , ജില്ലാ കോർഡിനേറ്റർ ഡോ.വിപുൽ മുരളി, പി.എ.സി. മെമ്പർ ഐഷാ ഇസ്മായിൽ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, പി ടി.എ പ്രസിഡൻറ് പി.റ്റി.അനിൽകുമാർ, മദർ.പി.റ്റി.എ ചെയർപേഴ്സൺ സിനിജസനൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, ജെ.ആർ.സി റ്റീച്ചർ ഗിരിജ എം.പി തുടങ്ങിയവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നത്.
ഈ ചലഞ്ച് ഏറ്റെടുത്ത സംസ്ഥാനത്തെ വി.എച്ച്.എസ് ഇ നാഷണൽ സർവ്വീസ് സ്കീം സെല്ലിലെ വോളൻ്റിയർമാർ വീട്ടിലിരുന്ന് തയ്യാറാക്കുന്നത് ഒന്നര ലക്ഷത്തിലേറെ തുണി മാസ്ക്കുകളാണ്.