ആലപ്പുഴ : ‘ ഇതേ ഉള്ളൂ സാറേ എന്റെ കൈയില്‍ ‘ പറയുന്നത് പഠനത്തിന് പ്രായമില്ലെന്നു തെളിയിച്ച നാരീശക്തി പുരസ്‌കാരം നേടിയ കേരളത്തിന്റെ സ്വന്തം അക്ഷര മുത്തശ്ശിയാണ്. കേട്ട പാടെ മന്ത്രി എ. സി മൊയ്തീന്റെ മറുപടിയെത്തി, ചെറിയ തുകയിലല്ല അത് നല്‍കുന്ന വലിയ മനസാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹരിപ്പാട് മുട്ടത്തെ കാര്‍ത്യായനിയമ്മ നല്‍കുന്ന സഹായം ഏറ്റുവാങ്ങാന്‍ മന്ത്രി എത്തിയപ്പോളുള്ള കാഴ്ച ഇതായിരുന്നു.

തനിക്ക് ലഭിക്കുന്ന വാര്‍ദ്ധക്യകാല പെന്‍ഷന്റെ രണ്ട് മാസത്തെ തുകയായ 3000 രൂപയാണ് കാര്‍ത്യായനിയമ്മ ദുരിതാശ്വസ നിധിയിലേക്ക് നല്‍കിയത്. കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്കായി തന്നാലാവുന്നത് മാത്രമാണ് നല്‍കുന്നതെന്നും ഇതിലും കൂടുതല്‍ നല്‍കാനാണ് ആഗ്രഹമെന്നും മന്ത്രിയോട് തുക കൈ മാറിയ ശേഷം ആ മുത്തശ്ശി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് ഇല്ലായ്മയുടെ നടുവിലും സഹായം നല്‍കാനുള്ള കാര്‍ത്യായനിയമ്മയുടെ മനസ്സ് സമൂഹത്തിനു മാതൃകയാണെന്ന് സഹായനിധി സ്വീകരിച്ച ശേഷം മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിക്കൊപ്പം തുക സ്വീകരിക്കാനായി കാര്‍ത്യായനിയമ്മയുടെ വസതിയിലെത്തി.