സൈക്കിൾ വാങ്ങാൻ സൂക്ഷിച്ചുവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യ ഷഹബാസ്. രണ്ടിലധികം വർഷമായി ആദിത്യ തൻറെ പണപ്പെട്ടിയിൽ ചില്ലറകൾ നിക്ഷേപിച്ചത് സൈക്കിൾ വാങ്ങാനായാണ്. എന്നാൽ കോവിഡ് കാലത്ത് സമൂഹത്തിലെ പ്രശ്നങ്ങൾ അറിഞ്ഞതോടെ ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന ചെയ്യാൻ തയ്യാറാവുകയായിരുന്നു പുന്ന പ്ര സെൻറ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിയായ ആദിത്യ.

ഹരിത കേരളം ജില്ലാ കോഓഡിനേറ്റർ രാജേഷിനാണ് ആദിത്യ തന്റെ പണപ്പെട്ടി കൈമാറിയത്. രാജേഷ് ഈ പണപ്പെട്ടി ജില്ലാ കളക്ടർക്ക് ഇന്നലെ കൈമാറി. 1566 രൂപയായിരുന്നു ആദിത്യ ഷഹബാസിന്റെ പണപ്പെട്ടിയിലുണ്ടായിരുന്നത്.

പുന്നപ്ര സുധി നിവാസിൽ സിസ്മി കെ. ഗോപിയുടെയും ആർ സേതുലാലിന്റെയും മകനാണ് ആദിത്യ ഷഹബാസ് .