തദ്ദേശ സ്ഥാപനങ്ങള്‍ ബൃഹത്തായ കൃഷി വ്യാപന പദ്ധതി ഏറ്റെടുക്കണം-മന്ത്രി എ.സി.മൊയ്തീന്‍

ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങള്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കൂടുതല്‍ ജാഗ്രതയോടെ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുുമന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ അടിയന്തിരമായി വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വകുപ്പുുമേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, മാലിന്യ സംസ്കരണം , ശേഖരിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നീ പ്രവര്‍ത്തികള്‍ ഹരിതകർമ്മസേനയെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും ചേര്‍ത്ത് വേഗത്തിലാക്കണം. മെയ് 15 നകം ഇത്തരം പ്രവർത്തികൾ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ രണ്ടു പ്രളയങ്ങൾ ഒരുപാട് ദുരിതങ്ങൾ ഉണ്ടാക്കിയത് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. വെള്ളമുയർന്ന് താമസിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായ പ്രദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിലയിരുത്തി അവിടം കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കണം. വെള്ളം ഒഴുകി പോകാൻ കഴിയുന്ന നീർച്ചാലുകൾ വൃത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാന്‍‍ മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, സെക്രട്ടറി കെ.ആര്‍.ദേവദാസ്, പഞ്ചായത്ത് ഉപഡയറക്ടര്‍ പി.എം.ഷഫീഖ്, കുടുംബശ്രീ ജില്ല കോ-ഓഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു, ജെ.പി.സി കെ.കെ.ഷാജു, ഹരിതകേരള മിഷന്‍ കോ-ഓഡിനേറ്റര്‍ രാജേഷ്, ശുചിത്വമിഷന്‍ അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി അടിഞ്ഞു കൂടിയ മാലിന്യങ്ങൾ, തോടുകളിൽ വന്നടിഞ്ഞ മാലിന്യങ്ങൾ എന്നിവ ഒഴിവാക്കി ജലം സുഗമമായി ഒഴുകി പോകുന്നതിനുള്ള പരമാവധി നടപടികൾ എടുക്കണം. അതിനാവശ്യമായ പ്രവർത്തികൾക്ക് മുന്‍ഗണന നല്‍കണം. വളരെ വിപുലമായ പദ്ധതിയാണ് ആലപ്പുഴ ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആലപ്പുഴയിലും സംസ്ഥാനത്താകമാനവും നടത്തിവരുന്ന പ്രവർത്തികൾ ഭാവിയിൽ രോഗാതുരമായ ഒരു സമൂഹമായി മാറാതിരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വൃത്തിയും ശുദ്ധിയുമുള്ള അന്തരീക്ഷത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും കുറവായിരിക്കും. മലിനീകരണ മുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ താഴെതട്ടിലുള്ള പ്രാദേശിക സർക്കാരുകള്‍ക്ക് വലിയ ചുമതലയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗം ആളുകളെയും സഹകരിപ്പിച്ച് മുന്നോട്ടുപോകണം. വീട്ടിലുള്ള ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് മുഖ്യമന്ത്രി ഇപ്പോൾ ആഹ്വാനം ചെയ്തിട്ടുള്ള പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങൾ വീടുകളിൽ സൂക്ഷിച്ചു വച്ചാൽ കോവിഡ് ദുരിതകാലം മാറിയാൽ ക്ലീൻ കേരള കമ്പനി വഴി തദ്ദേശഭരണസ്ഥാപനങ്ങൾ മുഖാന്തരം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. റോഡരികിൽ ഇപ്പോഴും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് തിരുത്താനും നടപടികൾ എടുക്കണം. കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്‍റെ ഭാഗ്മായി കൃഷിയുമായി ബന്ധപ്പെട്ട വലിയ പദ്ധതിയിലേക്ക് കേരള സർക്കാർ പോവുകയാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ സീസണിൽ ബൃഹത്തായ കൃഷി വികസന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. കഴിയാവുന്നത്ര എല്ലാ ഭൂമിയിലും കൃഷിയിറക്കുക എന്നതാണ് ലക്ഷ്യം. തരിശിട്ട ഭൂമിയിലെല്ലാം കൃഷി വ്യാപിപ്പിക്കും. ഇടവിള, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. തദ്ദേശഭരണ സ്ഥാപനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിലാണ് കോവി‍ഡ് കാലത്ത് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആത്മാർത്ഥമായി പ്രവര്‍ത്തിച്ചതായും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ മന്ത്രി വിലയിരുത്തി.
ആരോഗ്യ വകുപ്പും പോലീസും സർക്കാരും ഓരോ ദിവസവും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, കൂട്ടംകൂടി നടക്കാതിരിക്കുക, ശാരീരിക സാമൂഹിക അകലം പാലിക്കുക, ഓഫീസുകളില്‍ സാനിറ്റൈസറുകള്‍ ഉറപ്പാക്കുക , ഉപയോഗിച്ച വാഹനങ്ങൾ അണുവിമുക്തമാക്കുക, റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പാതിരിക്കുക തുടങ്ങിയ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. അപൂർവം ചില സ്ഥലങ്ങളിൽ തെറ്റായ ചില പ്രവണതകൾ ഉണ്ടാകുന്നതിന് നമ്മൾ വലിയ വില നൽകേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ അവശ്യ സര്‍വ്വീസായി വിനിയോഗിച്ച് ശുചീകരണ പ്രവര്‍ത്തികളും തോടുകള്‍ വൃത്തിയാക്കലും അടിയന്തിരമായി പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിച്ച് അടിയന്തിരമായി ശുചീരകണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. ഇതിനകം തന്നെ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ബസ് സറ്റാന്റുകള്‍, ഓഫീസുകള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിയാക്കിയിട്ടുണ്ട്.
കമ്മ്യൂണിറ്റി കിച്ചണ്‍
ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഇതുവരെ 4,04,154 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി പഞ്ചായത്ത് ഉപഡയറക്ടര്‍ അറിയിച്ചു. നിലവില്‍ 78 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടക്കുന്നത്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ മുന്‍ഗണന ക്രമം അനുസരിച്ച് പട്ടിക തയ്യാറാക്കി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 64 പഞ്ചായത്തുകളില്‍ ഇതിനകം പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. 8501 പേരെ ഉള്‍പ്പെടുത്തി 1740 പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനായി 31530 തൊഴില്‍ ദിനങ്ങളും വിനിയോഗിക്കും. 49 തോടുകള്‍, 16 കുളങ്ങള്‍ എന്നിവയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കമായി. മഴക്കാലത്തെ മുന്നില്‍കണ്ട് കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ പ്രളയം ഒഴിവാക്കുന്നതിനായി അവിടുത്തെ കനാലുകള്‍, തോടുകള്‍ എന്നിവയിലെ ചെളി നീക്കി ആഴം കൂട്ടും. ഇവിടെ നിന്നും നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തും. ആവശ്യമെങ്കില്‍ കയര്‍ ഭൂവസ്ത്രവും വിരിക്കും. അതാത് പ്രദേശത്തെ മണ്ണിന്റെ ഘടനയനുസരിച്ചാണിത് ചെയ്യുക.

ഹരിതകേരളം മിഷന്‍:

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറ് നഗരസഭകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ല കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ആലപ്പുഴ നഗരസഭ പരിധിയിലെ 75ശതമാനം ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. റോഡരികിലെ കാന അടക്കമാണ് ശുചിയാക്കുന്നത്. ഹരിത കര്‍മ്മ സേനാ അംഗങ്ങളേയും വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ തടിച്ചു കൂടുന്നത് രോഗവ്യാപനത്തേയും ശുചീകരണത്തേയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി വിവിധ വസ്തുക്കള്‍ തരം തിരിച്ച് പല സ്ഥലങ്ങളിലായി കച്ചവടം നടത്താനുള്ള സാധ്യത മന്ത്രി ചോദിച്ചറിഞ്ഞു. മാര്‍ക്കറ്റുകളിലെത്തുന്ന ഇതരസംസ്ഥാന ലോറി ഡ്രൈവര്‍മാരടക്കമുള്ളയാളുകള്‍ക്ക് പ്രത്യേകം ശുചിമുറി സൗകര്യം ഒരുക്കണം. ഇവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ശുചിത്വ മിഷന്‍:

ജില്ലയിലെ ആറ് നഗരസഭകള്‍, 40 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ മെയ് 15നകം പൂര്‍ണ്ണമായി നീക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. 300ടണ്‍ മാലിന്യമാണ് നീക്കാനുള്ളത്. മാലിന്യ നീക്കം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ജനങ്ങളെ പങ്കാളികളാക്കി ക്യാമ്പയിന്‍ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരിക്കാനും കോതുകു നിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സംഭരിച്ച് വച്ചിട്ടുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുന്‍കൈയ്യെടുത്ത് ഗോഡൗണുകളിലേക്ക് വേഗത്തില്‍ നീക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കുടുംബശ്രീ മിഷന്‍
കുടുംബശ്രീമിഷന്‍ വായ്പയായി ജില്ലയില്‍ നല്‍കാന്‍ അനുവദിച്ച തുക 147 കോടി രൂപയാണെന്ന് ഉദ്യേഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.