പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കര്‍ കോളനി വികസന പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക ഊരുകൂട്ടം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി. സ്കൂളില്‍ നടന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തടിയനാല്‍ പട്ടികവര്‍ഗ്ഗ കോളനിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊടുപുഴ എം.എല്‍.എ. പി.ജെ.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഊരുകൂട്ടം അഡ്വ.ജോയ്സ് ജോര്‍ജ്ജ് എം.പി ഉദ്ഘാനടം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീബാ രാജശേഖരന് സ്വാഗതവും ഇടുക്കി ഐ.റ്റി.ഡി. പി. അസി. പ്രോജക്ട് ഓഫീസര്‍ അനില്‍ ഭാസ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
ഇളംദേശം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മോനിച്ചന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.രാഘവന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. തടിയനാല്‍ ഊരുമൂപ്പന് സുധാകരന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദീകരണം നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ സിനിമോള്‍.ബി.എന്‍ നല്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തടിയനാല്‍ കോളനിനിവാസികള്‍, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എസ്.റ്റി. പ്രെമോട്ടര്‍മാര്‍, വിവിധ വകുപ്പ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നാളിയാനി-തടിയനാല്‍ റോഡിനും കുടിവെള്ളപദ്ധതിക്കും സാമൂഹ്യ പഠനമുറിക്കും ആയി തുക വിനിയോഗിക്കാന്‍ തീരുമാനിച്ചു.
