പത്തനംതിട്ട: ഡോക്ടര്‍മാരുമായി ഓണ്‍ലൈനില്‍ സംസാരിക്കുന്നതിനും, മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനുമുള്ള അവസരം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. വിദേശ രാജ്യങ്ങളില്‍ നിരവധിപേര്‍ ആശുപത്രികളില്‍ പോകാനാകാതെ വീടുകളില്‍ കഴിയേണ്ടി വന്ന സാഹചര്യത്തിലാണു നാട്ടില്‍നിന്ന് ഡോക്ടറുമാരുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നു വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാരാണ് ഈ സേവനം ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നത്. വിദേശത്ത് കോവിഡ് പോസീറ്റിവായ പലരും മെഡിക്കല്‍ നിര്‍ദേശങ്ങളില്ലാതെ ആശങ്കയിലാകുന്ന സാഹചര്യമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വീഡിയോ കോള്‍ അനുവദനീയമല്ലാത്തതു കൊണ്ട് അത്യാവശ്യമെങ്കില്‍ സ്‌കൈപ്പിലൂടെയും ഡോക്ടേഴ്‌സുമായി സംസാരിക്കാം.
പത്തനംതിട്ട ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ്, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ എന്നിവരുമായി ഇതു സംബന്ധിച്ച് എംഎല്‍എ കൂടിയാലോചന നടത്തിയിരുന്നു. ഡോക്ടേഴ്സുമായി സംസാരിക്കേണ്ടവര്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കണം. വിളിക്കേണ്ട നമ്പരുകള്‍ 6282213688, 6238426756.