* അക്ഷയ സംരംഭകര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക പ്ലാനും
പ്രകാശനം ചെയ്തു
അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അക്ഷയ സംരംഭകര്‍ക്കായി ബി.എസ്.എന്‍.എല്‍ പ്രത്യേകം തയാറാക്കിയ ഫൈബര്‍ ടു ഹോം താരിഫ് പ്ലാനും അദ്ദേഹം പ്രകാശനം ചെയ്തു.
അക്ഷയ പദ്ധതി വഴി ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയും പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും കഴിയുംവിധത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്.
പൊതുജന സേവനം എന്ന പേജില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സേവനങ്ങള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സംബന്ധിച്ച സേവനങ്ങള്‍ എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങളുണ്ട്.
ഹെല്‍പ്പ് ഡെസ്‌ക് പേജില്‍ അക്ഷയയെക്കുറിച്ച് പൊതുവിവരങ്ങള്‍, സേവനങ്ങള്‍ സംബന്ധിച്ച സംശയനിവാരണം, പൊതുജനങ്ങള്‍ക്ക് വിജ്ഞാന വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള സംവിധാനം, ജില്ലാ ഓഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, പരാതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയടക്കമുള്ള വിപുലവും സമഗ്രവുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളെയും കൃത്യമായി സ്ഥാനനിര്‍ണയം ചെയ്യാനും ഓരോ കേന്ദ്രത്തിന്റെയും സേവനം സംബന്ധിച്ച വിവരം ലഭിക്കാനും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കാനും സൗകര്യമുണ്ട്. വിവിധ വകുപ്പുകളുടെ ഓപ്പണ്‍ പോര്‍ട്ടല്‍ സേവനങ്ങള്‍ ഏകീകരിച്ച് സിംഗിള്‍ ലോഗിനിലൂടെ എളുപ്പത്തില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ ലഭിക്കുംവിധമുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കും.
അക്ഷയ കേന്ദ്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ഇത്തരം പരാതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ, സംസ്ഥാന അക്ഷയ കേന്ദ്രങ്ങളില്‍ സംവിധാനമുണ്ടാകും. സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും ബി.എസ്.എന്‍.എല്‍ നല്‍കുന്ന ഫൈബര്‍ ടു ഹോം താരിഫ് പ്ലാന്‍ ആയ ‘അക്ഷയ ഇ കേന്ദ്ര’ വഴി 10എം.ബി.പി.എസ് വേഗത്തില്‍ 120 ജി.ബി വരെശേഷിയുള്ള കണക്ടിവിറ്റിയാണ് ലഭ്യമാക്കുന്നത്.
ചടങ്ങില്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, അക്ഷയ ഡയറക്ടര്‍ സീറാം സാംബശിവ റാവു, ബി.എസ്.എന്‍.എല്‍ സി.ജി.എം ഡോ. പി.ടി. മാത്യൂസ്, ജനറല്‍ മാനേജര്‍ ഡോ. ജ്യോതി ശങ്കര്‍, അക്ഷയ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍, ഇ-ഗവേണന്‍സ് ഹെഡ് ശബരീഷ്, സര്‍വീസ് ഡെലിവറി മാനേജര്‍ റെജു, മാര്‍ക്കറ്റിംഗ് മാനേജര്‍ അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു.