ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തുന്ന പത്ര പ്രദര്‍ശനം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്ന് നശരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ പറഞ്ഞു. പത്രവാര്‍ത്തകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍. മാധ്യമ വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പ്രദര്‍ശനം. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പത്രങ്ങളുടെ പ്രസിദ്ധീകരണ ശൈലിയും ഭാഷയും കൗതുകകരമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം പത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് പ്രദര്‍ശിപ്പിക്കുന്നത്. ആരോഗ്യവകുപ്പില്‍ ജീവനക്കാരായിരുന്ന റഷീദിന് കുട്ടിക്കാലം മുതലുള്ള സൂക്ഷ്മമായ പത്രവായനാ ശീലമാണ് ഇത്രയധികം പത്രങ്ങളുടെ ശേഖരണത്തിന് കാരണമായത്.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതലുള്ള വാര്‍ത്തകളടങ്ങിയ പത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ദേശീയ സംസ്ഥാന നേതാക്കള്‍, സിനിമാതാരങ്ങള്‍, മറ്റ് പ്രമുഖര്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ആദ്യ ബഹിരാകാശ സഞ്ചാരം തുടങ്ങി ഇന്ത്യയിലെ കഴിഞ്ഞ 77 വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ പത്രത്താളുകളിലൂടെ കാണാം. ഒരു ദിവസം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന 65 ദിന പത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഇതുകൂടാതെ മാധ്യമ രംഗത്ത് വന്ന പ്രധാനപ്പെട്ട മാറ്റങ്ങളും പത്രങ്ങളിലൂടെ വ്യക്തമാകും. അച്ചടി, രൂപകല്പന(ലേഔട്ട്), ഭാഷാ ശൈലി എന്നിവയ്ക്ക് ഓരോ കാലഘട്ടത്തിലുമുണ്ടായ മാറ്റങ്ങള്‍ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിജ്ഞാനപ്രദമാകും. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 16) വൈകിട്ട് ആറിന് അവസാനിക്കും.