മതസൗഹാര്‍ദ്ദം തടസ്സപ്പെടാതെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് പോലീസിന് ഈ നിര്‍ദ്ദേശം നല്‍കിയത്. ഞീഴൂര്‍ വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 332 ല്‍ പെട്ട രണ്ടേക്കര്‍ 87 സെന്റ് ഭൂമിയില്‍ കോടതി ഉത്തരവുണ്ടായിട്ടും ആരാധന നടത്തുന്നതിന് ചില വ്യക്തികള്‍ തടസ്സം നില്‍ക്കുന്നുവെന്ന വിജയപുരം രൂപതയുടെ പരാതിയിലാണ് ഈ നിര്‍ദ്ദേശം. കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും തുടര്‍പ്രശ്‌നങ്ങളുമാണ് വിഷയം. വലിയ നോമ്പു കാലത്ത് കുരിശുമല കയറ്റം നടത്തുന്ന പ്രസ്തുത ഭൂമിയില്‍ 2014 മുതല്‍ കരം സ്വീകരിക്കുന്നത് നിര്‍ത്തുകയും ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂപത ഹൈക്കോടതിയില്‍ പോയി 2017 മുതല്‍ കരം അടയ്ക്കുന്നതിന് ഇടക്കാല ഉത്തരവ് നേടിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദ്ദത്തിന് ഹാനിയാകാതെ ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും മതിയായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
രണ്ടര സെന്റ് സ്ഥലവും ഷീറ്റിട്ട പുരയും മാത്രമായിട്ടും മെയിന്റനന്‍സിന് നഗരസഭ പദ്ധതിയില്‍ പണം അനുവദിക്കുന്നില്ല എന്ന ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയില്‍ പിഎംവൈ പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷം പരിഗണിക്കാമെന്ന് നഗരസഭ കമ്മീഷന് മറുപടി നല്‍കി. സമീപവാസികള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നും വസ്തുവകകള്‍ നശിപ്പിക്കുന്നുവെന്നുമുളള കാഞ്ഞിരപ്പളളി പിച്ചകപ്പളളിമേടില്‍ നിന്നുമെത്തിയ വനിതയുടെ പരാതിയില്‍ കമ്മീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. പരാതിക്കാരിയുടെ സുഗമമായ ജീവിതം ഉറപ്പു വരുത്താന്‍ കാഞ്ഞിരപ്പളളി എസ് ഐക്ക് നിര്‍ദ്ദേശം നല്‍കി. ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട് ബാങ്ക് വഞ്ചിച്ചു എന്നാരോപിച്ച് ബാങ്ക് ഓഫ് ബറോഡ കുറുപ്പന്തറ ബ്രാഞ്ചിനെതിരെ നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. സംഭവം നടന്നത് 2013-14 കാലയളവിലായതിനാല്‍ ആ സമയത്തെ മാനേജരെ വിസ്തരിക്കും. പരാതിക്കാരിക്ക് മാനേജരുടെ അഡ്രസ് നല്‍കാന്‍ ബാങ്ക് വിസമ്മതിച്ച സാഹചര്യത്തില്‍ അഡ്രസ് കണ്ടെത്തി കമ്മീഷന്‍ തന്നെ നോട്ടീസ് ഇഷ്യു ചെയ്യും.
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് രണ്ടു പരാതികളും കമ്മീഷന്‍ പരിഗണിച്ചു. വാര്‍ഷിക വരുമാന പരിധി ഉയര്‍ന്നുവെന്ന കാരണം പറഞ്ഞ് സ്‌കോളര്‍ഷിപ്പ് നിരസിച്ചുവെന്നതായിരുന്നു കൂവപ്പളളി, വില്ലൂന്നി സ്വദേശിനികള്‍ നല്‍കിയ പരാതി. മുന്‍വര്‍ഷങ്ങളില്‍ ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നതിനാല്‍ ഇതു സംബന്ധിച്ച വരുമാന പരിധി സംബന്ധിച്ച് (റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 18,000, മുസ്ലീം വിഭാഗങ്ങള്‍ക്ക് 22,000) ലഭിച്ചിട്ടുളള റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ മാനദണ്ഡങ്ങളും സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും. പറമ്പിലേക്ക് ചാഞ്ഞു നില്‍ക്കുന്ന പാഴ്മരങ്ങള്‍ കൃഷിനാശം ഉണ്ടാക്കുന്നുവെന്ന നാട്ടകം ഗവ. കോളേജിന് സമീപം ബിന്ദുനഗര്‍ ഹൗസിംഗ് കോളനി നിവാസിയുടെ പരാതിയില്‍ പരാതിക്കാരന്‍ കോളേജ് അധികാരികളെ സമീപിച്ചെങ്കിലും പിഡബ്ല്യുഡി വക സ്ഥലമാണെന്നായിരുന്നു മറുപടി. സ്ഥലസന്ദര്‍ശനം നടത്തി എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് അടുത്ത സിറ്റിംഗിന് മുന്‍പു റിപ്പോര്‍ട്ട് നല്‍കാന്‍ പി ഡബ്‌ള്യുഡി എ ഇക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
30 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. മൂന്ന് പരാതികള്‍ പരിഹരിച്ചു. അഞ്ചു പരാതികള്‍ റിപ്പോര്‍ട്ടിനായി വിട്ടു. 22 പരാതികള്‍ ഏപ്രില്‍ നാലിന് നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
