കൃഷി വകുപ്പിന്റെ സഹായത്തോടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന തെങ്ങിന്റെ സംയോജിത കീടരോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുളള വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായുളള ജില്ലാതല കര്‍ഷക പരിശീലന പരിപാടി സിപിസിആര്‍ഐയില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വിനായക ഹെഗ്‌ഡെ അധ്യക്ഷത വഹിച്ചു. തെങ്ങിന്റെ സസ്യ സംരക്ഷണത്തെ ആസ്പദമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സിപിസിആര്‍ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍ വിശദീകരിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കീടരോഗനിയന്ത്രണ പദ്ധതിയെ കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ബിമല്‍ഘോഷ് സംസാരിച്ചു. തെങ്ങിന്റെ കീടരോഗനിയന്ത്രണത്തെക്കുറിച്ച് ഡോ. പി എസ് പ്രതിഭ ക്ലാസെടുത്തു. തുടര്‍ന്നു നടന്ന ശില്‍പശാലയില്‍ ജില്ലയില്‍ സിപിസിആര്‍ഐ യും കൃഷിവകുപ്പും സഹകരിച്ച് ഈ സാമ്പത്തിക വര്‍ഷം കൃഷിയിടങ്ങളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാനവ്യാപന പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കി. വിവിധ കേരോല്പാദകസമിതികളെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സഹകരിപ്പിക്കും.
