ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പ്രകൃതിക്ഷോഭ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വീടുകള്‍ക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളും അറ്റകുറ്റപ്പണി നടത്താന്‍ പോലും കഴിയാത്തവിധത്തില്‍ തകര്‍ന്നു. വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു-മന്ത്രി പറഞ്ഞു.
ടി.വിപുരത്തെയും വൈക്കം ടൗണിലെയും വീടുകള്‍ക്കും മഹാദേവക്ഷേത്രത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. സി.കെ. ആശ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അനില്‍കുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.