ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങള്‍ വില്ക്കുമ്പോള് കുടുംബശ്രീ ഗുണമേന്മയില് വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീബസാര്‍.കോം (www.kudumbashreebazaar.com) ഇ കൊമേഴ്സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇകൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 250 സംരംഭകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉത്തരവാദിത്തത്തോടെ എത്തിച്ചാല്‍ ഓണ്‍ലൈന്‍ വിപണി വിജയമാകും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സംരംഭകരെ ഇതിലേക്ക് കൊണ്ടുവരണം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കുടുംബശ്രീ വലിയ നെറ്റ്വര്‍ക്കായി മാറും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചെറുകിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ചയാണ്. എന്നാല്‍ ഇവര്‍ക്കു മുന്നില്‍ പ്രതിരോധത്തിന്റെ മതില് തീര്‍ത്ത് കുടുംബശ്രീ മുന്നോട്ടു കുതിക്കുകയാണ്. സ്ത്രീയുടെ പുരോഗതിയാണ് നാടിന്റെ പുരോഗതിയെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിന്റെ ധാരണാപത്രം ചടങ്ങില്‍ ഒപ്പുവച്ചു. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന കുടുംബശ്രീ മേല്‍നോട്ടത്തിലുള്ള ഡി.ഡി.യു.ജി.കെ. വൈ പദ്ധതിയിലൂടെ അബുദാബിയില്‍ തൊഴില്‍ ലഭിച്ച വിഷ്ണു, അപ്പു, പ്രനില്‍ എന്നിവര്‍ക്കുള്ള വിസയും രേഖകളും മന്ത്രി കൈമാറി.
വിപണനത്തിന് തയ്യാറായ ഉത്പന്നങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള ഉത്പന്നത്തില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ സംരംഭകന്, ജില്ലാ പ്രോഗ്രാം മാനേജര്‍, സംസ്ഥാന മിഷന് മാനേജര്‍ എന്നിവര്‍ക്ക് മെസേജ് ലഭിക്കും. ഉത്പന്നങ്ങള്‍ അയക്കുന്നതിന് പോസ്റ്റല്‍ വകുപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്.
കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ സര്‍വീസ് സീനിയര്‍ സൂപ്രണ്ട് എം. മോഹന്‍ദാസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബി.എ.സി.എല്‍ പ്രതിനിധി ഉഷ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജിത് ചാക്കോ, പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ്. എന്നിവര്‍ സംസാരിച്ചു.