എറണാകുളം: ജില്ലയിലെ ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കണമെന്ന് കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. കളക്ടറേറ്റിൽ പഞ്ചായത്ത് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കളക്ടർ നിർദ്ദേശങ്ങൾ നൽകിയത്.
നാഷണൽ ഗ്രീൻ ട്രൈബ്യൂണലിൻ്റെ നിർദ്ദേശമനുസരിച്ച് കുറഞ്ഞത് ഒരു ജലാശയമെങ്കിലും ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നാണ്. എന്നാൽ ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടുതൽ പ്രവർത്തികൾ നടന്നു കഴിഞ്ഞു. പലയിടങ്ങളിലും ജലസ്രോതസുകൾ പൂർണമായും വൃത്തിയാക്കി. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തികൾ പൂർത്തിയാക്കിയിട്ടില്ല. ചിലവഴിക്കാൻ പണം ഇല്ലെന്ന കാരണങ്ങളും തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സഹായം നൽകാൻ ജില്ല ഭരണകൂടം തയാറാണ്. നടപ്പിലാക്കുന്ന പദ്ധതികളുടെ വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന് കൈമാറും. ഫണ്ട് ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിൻ നിന്നും ഫണ്ട് കണ്ടെത്താൻ കഴിയും. എല്ലാവരും തന്നെ ജൂലൈ മാസത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
