ഡിജിറ്റല്‍ സാങ്കേതികവിദ്യയെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന് വികാസ് യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഡിജിറ്റല്‍ സാക്ഷരത, ഹരിതകേരളം, ശുചിത്വകേരളം, തൊഴില്‍ നൈപുണ്യം തുടങ്ങിയവയുടെ പ്രചാരണത്തിനായി സജ്ജീകരിച്ച എട്ടുവാഹനങ്ങളടങ്ങുന്നതാണ് യാത്രാ സംഘം.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ധര്‍മടം പഞ്ചായത്തിലെ ചിറക്കുനിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജ നിര്‍വഹിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍ ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനമൈത്രി പോലിസിന്റെ നാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഗ്രാമസഭയുടെ മഹത്വം ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, പുതിയ അറിവുകള്‍ പകരുക, വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക, ഗുണമേന്മയുള്ള ജീവിത നിലവാരം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുക, പൂര്‍ണവും സര്‍വതല സ്പര്‍ശിയുമായ വികസനം സാക്ഷാത്കരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. യാത്രാ സ്വീകരണ യോഗങ്ങളില്‍ നല്ല പോസ്റ്റ്മാന്, നല്ല പാല് വിതരണക്കാരന്, നല്ല ചുമട്ടു തൊഴിലാളി, നല്ല പോലീസുകാരന്, നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്, നല്ല ആരോഗ്യ പ്രവര്ത്തകന്, നല്ല വിദ്യാഭ്യാസ പ്രവര്ത്തകന്, നല്ല ജൈവ കര്ഷകന് തുടങ്ങിയവരെ പരിപാടിയില്‍ ആദരിച്ചു.
കൃഷിപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹൈറേഞ്ച് പരിപാലന സംഘത്തിന്റെ തേന്‍വണ്ടിയും ബുക്ക്മാര്‍ക്കിന്റെ പുസ്തകവണ്ടിയും ഡിജിറ്റല്‍ സാക്ഷരതാ സന്ദേശവാഹനവും കാര്‍ഷികക്ഷേമ വകുപ്പ്, ജനമൈത്രി പോലീസ്, ആരോഗ്യവകുപ്പ്, അനര്‍ട്ട് തുടങ്ങിയവയുടെ വാഹനങ്ങളുമാണ് യാത്രയിലുള്ളത്.
ചിറക്കല്‍, കൊളച്ചേരി, വളപട്ടണം, പാപ്പിനിശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലും യാത്ര പര്യടനം നടത്തി. ഇന്ന് (ഫെബ്രുവരി 26) മാടായി (രാവിലെ 9 മണി), കല്യാശ്ശേരി (11 മണി), പരിയാരം (12.30), ചെറുതാഴം (3 മണി) എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് 4.30ന് കരിവെള്ളൂര്‍-പെരളം പഞ്ചായത്തില്‍ സമാപിക്കും.