മാർച്ച് ഒന്നിന് നടക്കുന്ന ശ്രീ മണപ്പുള്ളി വേലയോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾ പാലക്കാട് ആർ.ഡി.ഒ പി.കവേരിക്കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ക്ഷേത്ര’ഭാരവാഹികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വിലയിരുത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വെടിക്കെട്ട് പ്രകടനമില്ലാതെയാണ് വേല നടത്തുന്നത്. പകരം ആചാരാനുഷ്ഠാനങ്ങളുടെ ‘ഭാഗമായി ഒഴിവാക്കാനാകാത്ത കമ്പം കത്തിക്കൽ ചടങ്ങാണ് നടക്കുക. ദേശ-വേലകളുടെ സംഗമ സ്ഥലമായ കോട്ടമൈതാനത്ത് സുരക്ഷാ പരിശോധനയ്ക്ക് വിധേയരായ 30 ആനകളാവും അണിനിരക്കുക. ക്ഷേത്ര’ഭാരവാഹികളുടേയും ഉത്സവകമ്മിറ്റി അംഗങ്ങളുടേയും ആവശ്യപ്രകാരം ആനകൾ അണിനിരക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വൈദ്യുതി വെളിച്ചം നൽകാൻ കെ.എസ്.ഇ.ബി അധികൃതർക്ക് ആർ.ഡി.ഒ നിർദ്ദേശം നൽകിയിട്ടുണ്ട്. 200-ഓളം പൊലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. യാത്രക്കാർക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടില്ലാതെ വേല നടത്താനുളള പരമാവധി ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് യോഗത്തിൽ പൊലീസ് അറിയിച്ചു. ആർ.ഡി.ഒ സമ്മേളനഹാളിൽ നടന്ന യോഗത്തിൽ പാലക്കാട് തഹസിൽദാർ വി.വിശാലാക്ഷി, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ പ്രമീള, ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അക്ബർ അലി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.സുനിൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷനർ എം.വി സദാശിവൻ, ക്ഷേത്രം ‘ഭാരവാഹികൾ, ഉത്സവകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
