കളക്ടറേറ്റും ഓഫീസുകളും ഇ- മാലിന്യരഹിതമാക്കാനും ഹരിതനിയമാവലി പാലിച്ച് പ്രവർത്തിക്കാനും തീരുമാനം. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ ജില്ലാതലവകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലെ ഇ-മാലിന്യങ്ങളുടെ പട്ടിക ഉടൻ തയ്യാറാക്കും. പ്രവർത്തനക്ഷമമല്ലാത്ത കമ്പ്യൂട്ടർ, പ്രിന്റർ, യു.പി.എസ്. അടക്കമുള്ള ഇ-മാലിന്യങ്ങൾ പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം സാക്ഷ്യപ്പെടുത്തുന്ന നടപടികൾ ഏപ്രിൽ പതിനഞ്ചിനകം പൂർത്തീകരിക്കും. തുടർന്ന് ഇവ സർക്കാരിന്റെ അധീനതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുക.

പ്ലാസ്റ്റിക് പടിക്കുപുറത്ത്

ഹരിത നിയമാവലി പാലിച്ചാവും ഓഫീസുകളുടെ പ്രവർത്തനം. കളക്ടറേറ്റിൽ പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ജീവനക്കാർ പുനരുപയോഗിക്കാവുന്ന സ്റ്റീൽ അടക്കമുള്ള പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുവരണം. ഭക്ഷണം പൊതികളിൽ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തും. മാലിന്യങ്ങൾ തരംതിരച്ച് സംസ്‌ക്കരിക്കുന്നതിനായി ഓഫീസുകളിൽ ജൈവ, അജൈവ മാലിന്യങ്ങളിടാൻ പ്രതേ്യക മാലിന്യക്കുട്ടകൾ സ്ഥാപിക്കും. കളക്ടറേറ്റിനു മാത്രമായി തുമ്പൂർമുഴി മാതൃകയിൽ മാലിന്യസംസ്‌ക്കരണ സംവിധാനമൊരുക്കും. കളക്ടറേറ്റിലെ ഓഫീസുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ഇവിടെ തന്നെ സംസ്‌ക്കരിക്കും. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗ സംസ്‌ക്കരണത്തിനായി നൽകും.
ഹരിത നിയമാവലി നടപ്പാക്കുന്നതിനായി ഓരോ ഓഫീസിലും ഒരുദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകും. ചുമതലപ്പെട്ട ഉദേ്യാഗസ്ഥരുടെ പട്ടിക ഒരാഴ്ചയ്ക്കകം നൽകാൻ ജില്ലാതല ഉദേ്യാഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഹരിതനിയമാവലി പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഉദേ്യാഗസ്ഥർക്ക് ശുചിത്വമിഷൻ ക്ലാസുകൾ സംഘടിപ്പിക്കും.
സബ് കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, എ.ഡി.എം. ജോൺ വി. സാമുവൽ, ശുചിത്വമിഷൻജില്ലാ കോ ഓർഡിനേറ്റർ പി.എസ്. ഷാജി കുമാർ, ജില്ലാതല ഉദേ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി 1174/2018)