വയനാട്: പാസിന്റെ ആവശ്യമില്ലാത്തതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വയനാട് അതിര്‍ത്തിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ജില്ലയിലെ നിര്‍ദ്ദിഷിട പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത കളറുകളിലുള്ള സ്റ്റിക്കര്‍ പതിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കൊ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് കളറുകളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശന കര്‍മ്മം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, സബ്കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
അയല്‍സംസ്ഥങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വയനാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി വരുന്ന യാത്രക്കര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
1) കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാതെ കര്‍ണാടകയില്‍ നിന്ന് വരുന്നവവര്‍ക്ക് മുത്തങ്ങ തകരപ്പാടിയില്‍ പേരുവിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിനായി അക്ഷയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവരണം.
2) മറ്റു ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും സ്റ്റിക്കര്‍ പതിച്ച ശേഷം കോവിഡ് രോഗ പരിശോധനക്കായി കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് പോകണം.
3) യാത്രക്കാര്‍ വരുന്നതിന്റെ ബാഹുല്യം കണക്കിലെടുത്ത് കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുതല്‍ മുത്തങ്ങ വരെ ഓറഞ്ച്, യെല്ലോ, ഗ്രീന്‍ പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.
4) കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പരിസരത്ത് 20-25 വാഹനങ്ങള്‍ മാത്രമേ ഒരു സമയം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കു. അതിര്‍ത്തി കടന്ന് വരുന്ന ബാക്കി വാഹനങ്ങള്‍ തകരപ്പാടിയില്‍ പാര്‍ക്ക് ചെയ്യണം.
5) യാത്രക്കാര്‍ തകരപ്പാടി മുതല്‍ ഗ്രീന്‍ പ്രദേശമായ കലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വരെയുള്ള ഇടങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കെല്ലാതെ വാഹനങ്ങളില്‍ നിന്നു പുറത്തിറങ്ങരുത്.
6) ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനയ്ക്ക് ശേഷം വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കും.
7) വയനാട് ജില്ലയിലേക്കുള്ള യാത്രക്കാര്‍ നേരെ സര്‍ക്കാര്‍ ക്വാറന്റെയിന്‍ സെന്ററിലേക്കോ ഹോം ക്വാറന്‍നിലേക്കോ പോകേണ്ടതാണ്. വാഹനങ്ങള്‍ മറ്റെവിടെയും നിര്‍ത്താന്‍ പാടില്ല. മറ്റു ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ജില്ലയില്‍ എവിടെയും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല.
8) യാത്രക്കാരുമായി വരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ആളുകളെ ഇറക്കിയ ശേഷം തിരികെ ബോര്‍ഡര്‍ ചെക്ക് പോസ്റ്റുകളില്‍ എത്തി സ്റ്റിക്കര്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.
കല്ലൂര്‍ ബി.എഫ്.സിയില്‍ നിന്നു പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ റോഡ് വിജില്‍ ആപ്പില്‍ രേഖപ്പെടുത്തും. കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി അന്തര്‍സംസ്ഥാന- ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന ശക്തിപ്പെടുത്തും. ഇതിനായി അന്തര്‍സംസ്ഥാന- ജില്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ ചുമതല ഓരോ ഡി.വൈ.എസ്.പിക്കു നല്‍കിയിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പൊതു ഇടങ്ങളിലോ മാര്‍ഗമദ്ധ്യേയോ നിര്‍ത്തിയിട്ടതായി കണ്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യാര്‍ഥിച്ചു.