പത്തനംതിട്ട: വര്‍ഷങ്ങളായി പത്തനംതിട്ട ജില്ലയില്‍ പ്ലസ് ടു ഫലം പിന്നാക്കാവസ്ഥയില്‍നിന്ന് പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കൈത്താങ്ങ് വിദ്യാഭ്യാസ പരിപാടിയുടെ ഫലം കൂടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി അനിത എന്നിവര്‍ അറിയിച്ചു. 15 വിഷയങ്ങള്‍ക്ക് പഠനസഹായികള്‍ തയാറാക്കിയ അധ്യാപകരെയും, ഈ പഠനസഹായികള്‍ ഉപയോഗിച്ച്് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ അധ്യാപകരെയും അഭിനന്ദിച്ചു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കിയ പരിപാടി വിജയിച്ചു എന്നതിന്റെ തെളിവാണ് ഈ ഫലം. വിജയശതമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരിയുമായി മൂന്ന് ശതമാനത്തിന്റെ മാത്രമേ വ്യത്യാസമുള്ളൂ എന്നതും പ്രത്യേകതയാണ്. പഠനസഹായികളില്‍ നിന്ന്പരീക്ഷയ്ക്ക് നല്ല പങ്ക് ചോദ്യങ്ങള്‍ ഉണ്ടായി എന്നത് അത് തയാറാക്കിയ അധ്യാപകരുടെ മികവാണ്.
വരുന്ന വര്‍ഷം പ്ലസ് വണ്‍ ക്ലാസുകളിലും കൈത്താങ്ങ് പഠനസഹായികള്‍ തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത് എട്ട് ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ എട്ട് വര്‍ഷങ്ങളിലും പതിനാലാം സ്ഥാനത്തായിരുന്ന ജില്ല ചുരുങ്ങിയ മാസത്തെ പ്രവര്‍ത്തനം കൊണ്ടാണ് പതിനൊന്നിലെത്തിയത്.
ജില്ലയുടെ സ്ഥാനം മെച്ചപ്പെട്ടതിന്റെ സന്തോഷത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി കെ ഹരിദാസ് പ്രസിഡന്റ് അന്നപൂര്‍ണാദേവിക്ക് മധുരം നല്‍കി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റജി തോമസ്, അംഗങ്ങളായ സാം ഈപ്പന്‍, എസ് വി സുബിന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് എന്നിവര്‍ സന്നിഹിതരായിരുന്നു.