പാലക്കാട്: നെല്ലുസംഭരണത്തിലും സംസ്‌ക്കരണത്തിലുമുള്ള ചൂഷണങ്ങള് ഒഴിവാക്കി കര്ഷകര്ക്ക് ന്യായവില ഉറപ്പാക്കുയാണ് കണ്ണമ്പ്രയില് ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക-പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. തരൂര് മണ്ഡലത്തില് സഹകരണ വകുപ്പിന്റെ സഹായത്തോടെ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആധുനിക റൈസ്മില്ലിന്റെ ഓണ്ലൈന് ഉദ്ഘാടന പരിപാടിയില് അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വകുപ്പിന്റെ കീഴില് കാവശ്ശേരിയില് പുതിയ റൈസ് മില് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഇതോടെ കര്ഷകര് അഭിമുഖീകരിക്കുന്ന നെല്ല് സംഭരണ-സംസ്‌ക്കരണ രംഗത്തെ പ്രതിസന്ധികള് പരിഹരിക്കാനാവും. കണ്ണമ്പ്ര പഞ്ചായത്തില് ആരംഭിക്കുന്ന വ്യവസായപാര്ക്കിനുള്ള സ്ഥലം ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്റെ ക്രാഫ്റ്റ് വില്ലേജും കണ്ണമ്പ്രയില് യാഥാര്ഥ്യമാകും. ആധുനിക റൈസ് മില് ഉള്പ്പെടെ പ്രദേശത്തെ ഇത്തരം സംരംഭങ്ങള് കണ്ണമ്പ്രയെ മറ്റൊരു വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു.