പാലക്കാട്: ജില്ലയില്‍ യഥാസമയം നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനും സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താവിന് ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് കണ്ണമ്പ്രയിലെ നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം പദ്ധതി ലക്ഷ്യമിടുന്നതെന്ന് സഹകരണ – ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന കണ്ണമ്പ്രയില്‍ ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് ശിലാസ്ഥാപനം ഓണ്‍ലൈന്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ജനുവരിയില്‍ ജില്ലയില്‍ നെല്‍ കര്‍ഷക സംഗമം സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി ജില്ലയിലെ സഹകരണമേഖലയില്‍ സംഭരണകേന്ദ്രം എന്ന ആശയം പ്രാഥമികമായി അവതരിപ്പിച്ചിരുന്നു. ഏറ്റവും ആധുനികമായിട്ടുള്ള സംസ്‌ക്കരണ പ്ലാന്റാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കര്‍ഷക സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് 80 കോടി ചെലവില്‍ നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം നടപ്പാക്കുന്നത്. കണ്‍സള്‍ട്ടന്‍സിയായി നബാര്‍ഡിന്റെ നാപ്കോയാണ് ആവശ്യമായ സേവനങ്ങള്‍ നല്‍കുക. പദ്ധതി പ്രാവര്‍ത്തിമാകുന്നതോടെ സംസ്ഥാനത്തെ ആദ്യ ബൈലോ അധിഷ്ഠിത സംഭരണകേന്ദ്രമാകും കണ്ണമ്പ്രയില്‍ ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.