പാലക്കാട്: ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 49 ടെലിവിഷനുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പുതുശ്ശേരി നടുപ്പതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഊരുകളില്‍ തന്നെ ഏറ്റവും ഫലപ്രദമായി സൗകര്യം ഒരുക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 49 അങ്കണവാടികളിലും വായനശാലകളിലും ടെലിവിഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. നാലു മാസത്തെ ഡി.റ്റി.എച്ച് സബ്സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെയാണ് സൗകര്യം നല്‍കുന്നത്. 4, 90, 000 രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്. പരിപാടിയില്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ജില്ലാ പട്ടിക വര്‍ഗ്ഗവികസന ഓഫീസര്‍ എം മല്ലിക, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവകാമി , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി ഉദയകുമാര്‍ , മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം അമരാവതി തുടങ്ങിയവര്‍ പങ്കെടുത്തു.
