പത്തനംതിട്ട: തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജൂലൈ 30ന് ആരംഭിക്കുന്നതിന് പ്രസിഡന്റ് സഖറിയാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.

ആദ്യം മുട്ടം മാര്‍ത്തോമ്മപാരിഷ് ഹാളില്‍ 50 കിടക്കകള്‍ സജ്ജമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ രണ്ടു ദിവസംകൊണ്ട് ഒരുക്കിയെടുക്കുന്നതിനും തീരുമാനിച്ചു. തുടര്‍ന്ന് യാക്കോബായ സഭയുടെ പാരീഷ് ഹാളില്‍ 50 കിടക്കകള്‍ കൂടി സജ്ജീകരിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലും എടുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രന്‍, നോഡല്‍ ഓഫീസര്‍, നിസാമുദീന്‍, വില്ലേജ് ഓഫീസര്‍ സിന്ധു, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖ, സെക്രട്ടറി ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.