തൃശ്ശൂർ: ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കയ്പമംഗലത്ത് വ്യാപക നാശനഷ്ടം. മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് തീരദേശത്ത് കാറ്റ് ആഞ്ഞുവീശിയത്. കയ്പമംഗലത്ത് മരം വീണ് മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കയ്പമംഗലം പതിനാറാം വാർഡ് മാടാനിക്കുളത്ത് ചുള്ളിപറമ്പിൽ ലൈല മുഹമ്മദിന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു.
ടെറസ് വീടിന്റെ ഒരു ഭാഗം തകർന്നു. പതിമൂന്നാം വാർഡ് തായ് നഗറിൽ തോണിപറമ്പിൽ മോഹനന്റെ വീടിന് മുകളിൽ മാവിൻ കൊമ്പ് ഒടിഞ്ഞ് വീണു. ഓടിട്ട വീടിന്റെ അടുക്കള ഭാഗം തകർന്നു. വഴിയമ്പലം പടിഞ്ഞാറ് കൊല്ലപറമ്പിൽ വാസുവിന്റെ വീടിന് മുകളിലും മരം വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.
മഴ കനത്തത്തോടെ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. എടത്തിരുത്തി അയ്യംപടി കോളനി, കയ്പമംഗലം കടമ്പോട്ട് പാടം, ഹിളർ പള്ളി പരിസരം, ഗാർഡിയൻ റോഡ് പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്നയിടങ്ങളിലെ റോഡുകളും വെള്ളത്തിലാണ്.