തൃശൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂർക്കുളം എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. തീരദേശ മേഖലകളിലും പാടശേഖര പ്രദേശങ്ങളിലുമാണ് വെള്ളം കയറി വീടുകൾ ഒറ്റപ്പെട്ടത്.

പുന്നയൂർക്കുളത്ത് പരൂർ പാടശേഖരങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് ഉപ്പുങ്ങൽ, പരൂർ, കുണ്ടനി, മാവിൻച്ചുവട്, ചമ്മന്നൂർ പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലായി. ആൽത്തറ കുണ്ടനി പ്രദേശത്ത് വെള്ളം കയറി പത്തു കുടുംബങ്ങളെ രാമരാജ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. അടിയന്തിര സാഹചര്യം വന്നാൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് തഹസിൽദാർ സി. എസ് രാജേഷ് അറിയിച്ചു.

ജനങ്ങൾക്ക് സഹായമെത്തിക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധ്യമായതെല്ലാം പഞ്ചായത്തുകൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.