പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര വികസന വകുപ്പ് ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം ചിറ്റൂര്‍ ബ്ളോക്കില്‍ വിളയോടി ക്ഷീര സംഘത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ കെ. ചെന്താമര അധ്യക്ഷനായി. ജില്ലയിലെ 300 ല്‍പ്പരം ക്ഷീര സഹകരണ സംഘങ്ങളിലും അതത് സംഘം ഭരണസമിതിയുടെ നേത്യത്വത്തില്‍ കാലിത്തീറ്റ വിതരണോദ്ഘാടനം നടത്തി.
ജില്ലയില്‍ ഇരുപത്തയ്യായിരത്തോളം ക്ഷീര കര്‍ഷകര്‍ക്ക് 13,331 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റയും 26,286 ചാക്ക് മില്‍മ കാലിത്തീറ്റയുമാണ് സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഒരു ബാഗ് കാലിത്തീറ്റക്ക് 400 രൂപയാണ് സബ്സിഡി നല്‍കുന്നത്. ഈ ഇനത്തില്‍ ജില്ലയില്‍ ആകെ 158.46 ലക്ഷം രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
ഏപ്രില്‍ മാസത്തില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കിയ മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിലില്‍ ഒരു ദിവസം സംഘത്തില്‍ നല്‍കിയ ശരാശരി പാലളവ് 10 ലിറ്ററില്‍ താഴെയാണെങ്കില്‍ കര്‍ഷകന് 50 കിലോഗ്രാം കാലിത്തീറ്റയും, 11-20 ലിറ്റര്‍വരെ അളന്ന കര്‍ഷകന് 150 കിലോഗ്രാം കാലിത്തീറ്റയും, 20 ലിറ്ററില്‍ മുകളില്‍ അളന്ന കര്‍ഷകന് 250 കിലോഗ്രാം കാലിത്തീറ്റയുമാണ് സബ്സിഡി ഇനത്തില്‍ നല്‍കുന്നത്.
ഗുണമേന്മയുള്ള പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കുള്ള സമ്മാനവിതരണം യൂണിയന്‍ ചെയര്‍മാന്‍ കെ. എസ്. മണി നിര്‍വഹിച്ചു. പരിപാടിയില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ സുജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, ചിറ്റൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എം. എസ്. അഫ്സ, വിളയോടി ക്ഷീര സംഘം പ്രസിഡണ്ട് കെ. രാജന്‍, സെക്രട്ടറി ആര്‍. ഷിബു എന്നിവര്‍ സംസാരിച്ചു.