മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു
എറണാകുളം: പി.ഡബ്ല്യൂ.ഡി വാസ്തുശിൽപ വിഭാഗത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അറിയിച്ചു. കളമശ്ശേരി പത്തടിപ്പാലത്തുള്ള പി.ഡബ്ല്യൂ.ഡി ഓഫീസ് സമുച്ചയത്തിൽ നിർമ്മാണം പൂർത്തിയാക്കിയ എറണാകുളം മദ്ധ്യമേഖല പി.ഡബ്ല്യൂ.ഡി വാസ്തുശിൽപ ഓഫീസ് ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാസ്തു ശിൽപവിഭാഗത്തിലെ പ്രവൃത്തികൾ സമീപ വർഷങ്ങളിൽ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയ്ക്കുപുറമേ ഇടുക്കി, തൃശ്ശൂർ ജില്ലകൾകൂടി പുതിയ മദ്ധ്യമേഖല ഓഫീസിന്റെ പരിധിയിൽപ്പെടും. വിവിധ ഗവൺമെന്റ് വകുപ്പുകൾക്കാവശ്യമുള്ള കെട്ടിടങ്ങളുടെ രൂപകല്പന നിർവ്വഹിക്കുന്നത് പി.ഡബ്ല്യൂ.ഡി വാസ്തുശിൽപ വിഭാഗമാണ്. ഈ വർഷം ഏപ്രിലിൽ ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരമാണ് എറണാകുളം, കോഴിക്കോട് ജില്ലകൾ ആസ്ഥാനമായി മദ്ധ്യമേഖല ഓഫീസുകൾ രൂപീകരിച്ചത്.
മേഖലാ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുവാൻ സാധിക്കും. ചീഫ് ആർക്കിടെക്റ്റ് രാജീവ് പി. എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ ആർക്കിടെക്റ്റ് സി.പി ബാലമുരുകൻ, ഡെപ്യൂട്ടി ആർക്കിടെക്റ്റ് നിത്യ എം.കെ, വിവിധ പി.ഡബ്ല്യൂ.ഡി ഓഫീസർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.