പാലക്കാട്: മണ്ണാര്‍ക്കാട് മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി മെഗാ ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തിവരുന്നതായി ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ക്ലസ്റ്ററിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്. മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ 285 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 65 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നും നാളെയുമായി നടക്കുന്ന പരിശോധനയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് തുടര്‍ ദിവസങ്ങളിലേക്കുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കും. തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, തച്ചമ്പാറ എന്നീ പഞ്ചായത്തുകളില്‍ നിന്ന് ഉള്ളവര്‍ക്കാണ് ഇതുവരെ കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശനമായി ഹോം ക്വാറന്റൈന്‍, മാസ്‌ക്, ശാരീരിക അകലം തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
