പാലക്കാട്: കാറ്റിലും മഴയിലും തകര്‍ന്നുപോയ അംഗന്‍വാടിക്ക് പകരം കുരുന്നുകള്‍ക്ക് ഇനി കാറ്റിനെയും മഴയെയും പേടിക്കാതെ പുതിയ അംഗന്‍വാടിയില്‍ ഇരിക്കാം. പറളി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തേനൂര്‍ കല്ലേമൂച്ചിക്കലിലാണ്് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ അംഗനവാടി കെട്ടിടം നിര്‍മ്മിച്ചത്. അംഗന്‍വാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു നിര്‍വഹിച്ചു. കഴിഞ്ഞ മഴക്കാലത്താണ് ഓടിട്ട അംഗന്‍വാടിക്ക് മേലെ മരംവീണ് അംഗന്‍വാടി തകര്‍ന്നത്. അതോടെ കുട്ടികള്‍ക്ക് കളിക്കാനും വന്നിരിക്കാനും സ്ഥലം ഇല്ലാതാവുകയായിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്തിലെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഗിരിജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. കിഷോര്‍ കുമാര്‍, പറളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ.് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
