അട്ടപ്പാടിയിലെ മുക്കാലി – ചിണ്ടക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്നത് രണ്ട് വര്‍ഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മുക്കാലി – ചിണ്ടക്കി റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി മേഖലയില്‍ സുസ്തര്‍ഹ്യമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഫലപ്രദമായി നിയന്ത്രണങ്ങള്‍ പാലിച്ച് കോവിഡ് പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടി മേഖലയില്‍ നടക്കുന്നുണ്ട്. തമിഴ്‌നാടുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാല്‍ കോവിഡ് സാധ്യത മുന്നില്‍കണ്ട് ഊരുകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.രണ്ടു പ്രളയ കാലഘട്ടത്തില്‍ ഉള്‍പ്പെടെ പരമാവധി സഹായങ്ങള്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്. ഭക്ഷ്യസാധനങ്ങള്‍ റേഷന്‍കടകളില്‍ എത്തി വാങ്ങാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് വീടുകളില്‍ എത്തിക്കുന്ന പദ്ധതിയും മേഖലയില്‍ നടപ്പാക്കി കഴിഞ്ഞു. ഏറ്റവും ഫലപ്രദമായി കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും പുരോഗമിക്കുന്നു. ആവശ്യമായ വൈദ്യസഹായം വീടുകളില്‍ എത്തിക്കുന്നതിനായി ആവശ്യമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും മേഖലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആദിവാസികളുടെ ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ഭാഗമായി നാലായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി വീട് നിര്‍മ്മിച്ചു. ബാക്കിയുള്ള വീടിന്റെയും ഭൂമിയുടേയും പ്രശ്‌നം രണ്ടുമാസത്തിനകം പരിഹരിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്ക് 25 ഓളം സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കുകയും അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു. നൂറോളം വരുന്ന ആദിവാസികള്‍ക്ക് പോലീസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനം നല്‍കി. മില്ലറ്റ് വില്ലേജ്, അപ്പാരല്‍ പാര്‍ക്ക് പദ്ധതികളിലൂടെയും നിരവധി തൊഴില്‍ സാധ്യത ലഭ്യമാക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അദ്ധ്യക്ഷനായ പരിപാടിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി.പുഗഴേന്തി, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം എം.രാജന്‍, ചിണ്ടക്കി വാര്‍ഡ് മെമ്പര്‍ സി.കെ. മണി, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ പി. വാണിദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രയോജനം ലഭിക്കുക 500 ഓളം കുടുംബങ്ങള്‍ക്ക്

മുക്കാലി-ചിണ്ടക്കിറോഡ് ഗതാഗതയോഗ്യമായതോടെ 500 ഓളം കുടുംബങ്ങളുടെ യാത്രയ്ക്ക് പരിഹാരമായി. ആനവായി, ഗലസി, മേലെ തുടുക്കി, താഴെ തുടുക്കി, കടുകുമണ്ണ, കിണറ്റുകര, മുരുഗള, പാലപ്പട, തടിക്കുണ്ട്, ചിണ്ടക്കി, വീരന്നൂര്‍ തുടങ്ങിയ 11 ഓളം ഊരുകളിലെ കുടുംബങ്ങളുടെ നാളുകളായുള്ള ദുരിതത്തിനാണ് പരിഹാരമായത്. മുക്കാലി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് മുതല്‍ ചിണ്ടക്കി വരെ 2.65 കിലോമീറ്റര്‍ റോഡാണ് ഗതാഗതയോഗ്യമാക്കിയത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ 1.20 കോടി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചത്. വനത്തിനുള്ളിലുള്ള റോഡായതിനാല്‍ ഇന്റര്‍ ലോക്ക് പാകിയാണ് റോഡ് നിര്‍മിച്ചത്.