ആലപ്പുഴ: അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ പദ്ധതിയുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടടത്ത് 1261 പച്ചത്തുരുത്തുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങന്നൂര്‍ നഗരസഭ, 31 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപനം നടത്തി
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താനുള്ള വൃക്ഷങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തി നിലവിലുള്ള കാര്‍ഷിക ഭൂമിയ്ക്ക് മാറ്റം വരുത്താതെ വിവിധ സ്ഥലങ്ങളില്‍ ഉപയോഗ രഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തുന്ന ചെറു വനങ്ങളാണ് പച്ചത്തുരുത്തുകള്‍.
പരിസ്ഥിതി പുനസ്ഥാപനത്തിനും സംസ്ഥാനത്തിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കിയത്. മറ്റ് ധനസ്രോതസ്സുകളെ ആശ്രയിക്കാതെ പൂര്‍ണ്ണമായും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം.
ജില്ലയില്‍ നിലവില്‍ 32 തദ്ദേശ സ്ഥാപനങ്ങളിലെ 10.8 ഏക്കര്‍ സ്ഥലത്തായി 50 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വയലാര്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് പഞ്ചായത്താണ്. ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും ബ്ലോക്ക് ഓഫീസ് കൊമ്പൗണ്ടിലും പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ബ്ലോക്കെന്ന ലക്ഷ്യം കൈവരിച്ചു.
എടത്വ പഞ്ചായത്തിലെ തായങ്കരിയില്‍ എ.ഡി.ആര്‍.എഫ് (ആലപ്പി ഡവലപ്‌മെന്റ് റെസ്‌പോണ്‍സ് ഫോറം) ഉം പച്ചത്തുരുത്ത് ആരംഭിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും വിവിധങ്ങളായ പച്ചത്തുരുത്തുകളാണ് ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്.
പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2019ലെ പരിസ്ഥിതി ദിനത്തില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലാണ് നിര്‍വ്വഹിച്ചത്. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 2500 വൃക്ഷതൈകള്‍ വിവിധ പഞ്ചായത്തുകളില്‍ എത്തിച്ച് നല്‍കിയിരുന്നു.
സംസ്ഥാനതല പ്രഖ്യാപനത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അനുമോദന പത്രം സ്ഥാപന അധ്യക്ഷന്മാര്‍ വിഷിഷ്ട വ്യക്തികളില്‍ നിന്നും ഏറ്റുവാങ്ങും.