തിരുവനന്തപുരം: വര്‍ക്കല ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 20 വൈകിട്ട് നാലിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പാപനാശം മുതല്‍ തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. വര്‍ക്കല നഗരസഭ കൈമാറിയ സ്ഥലത്ത് ഡാന്‍സിംഗ് സൗണ്ട് & ലൈറ്റ് സിസ്റ്റവും കുട്ടികളുടെ പാര്‍ക്കും സജ്ജീകരിക്കും. പാപനാശം ബീച്ചില്‍ ആവശ്യാനുസരണമുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറി, നടപ്പാത, വാച്ച് ടവര്‍ എന്നിവ നിര്‍മ്മിക്കും. ബീച്ചിലുള്ള പ്രകൃതിദത്തമായ നീരുറവകളുടെ സംരക്ഷണവും നടക്കും. ഹെലിപാഡിന് സമീപം ഒരുകോടി രൂപ ചെലവഴിച്ച് ആധുനിക ടോയ്ലറ്റ് സമുച്ചയവും നിര്‍മ്മിക്കുന്നുണ്ട്.
പാപനാശം ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍പ്രകാശ് എം.പി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദുഹരിദാസ്, വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാഹേമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ സമദ്, സ്വപ്നാശേഖര്‍ എന്നിവര്‍ പങ്കെടുക്കും.