സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കാസര്‍കോട് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മധൂര്‍ വില്ലേജില്‍ 1757.59 ചതുരശ്ര മീറ്ററിലാണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത് . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ഭവന നിര്‍മാണ ബോര്‍ഡിന്റേയും വിഹിതം ഉപ്പെടുത്തിയാണ് നിര്‍മ്മാണം.