സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടവും ഭൂമിയും മഴകെടുതിയെ തുടര്‍ന്ന് കുന്നിടിഞ്ഞ് അപകട ഭീഷണിയിലായപ്പോള്‍ മധൂര്‍ വില്ലേജിലെ ചേനക്കോട് പദാര്‍ത്ഥവയലിലെ പി ദിനേശയ്ക്കും കുടുംബത്തിനും ആശ്വാസം.വീടും സ്ഥലവും അപകട ഭീഷണിയില്‍ ആയ കുടുംബത്തിന് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാസയോഗ്യമായ സ്ഥലം അനുവദിച്ചു.പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടറുടെ കാസര്‍കോട്താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് പരാതി നല്‍കിയത്.  വാസയോഗ്യമായ സ്ഥലം അനുവദിക്കണമെന്നായിരുന്നുആവശ്യം.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അദാലത്തിന് മുന്നോടിയായി സ്ഥലം സന്ദര്‍ശിച്ചു.ദിനേശയുടെ ജീവിത ദുരവസ്ഥ മനസ്സിലാക്കിയ കളക്ടര്‍, മധൂര്‍ വില്ലേജില്‍ ദിനേശക്കും കുടുംബത്തിനും വേണ്ടി നാല് സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് അദാലത്തില്‍ അറിയിച്ചു. ആ സ്ഥലം ദിനേശയ്ക്ക് ഇഷ്ടപ്പെട്ടാല്‍ ഒക്ടോബര്‍ 31 നകം പട്ടയം നല്‍കും.കൂടാതെ ഈ കുടുംബത്തിന് വീട് വെയ്ക്കാന്‍ നാല് ലക്ഷം രൂപയും അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ അദാലത്തില്‍,കളക്ടറുടെ വാക്കുകളെ ദിനേശയും കുടുംബവും ആനന്ദാശ്രുക്കളോടെയാണ് എതിരേറ്റത്.

ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന കാസര്‍കോട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് 27 പരാതികള്‍ ലഭിച്ചു. ഇതില്‍ 24 പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ചു. അവശേഷിക്കുന്ന പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുക, പട്ടയ സ്‌കെച്ച് അനുവദിക്കുക,അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റുക എന്നിവയായിരുന്നു അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഏറെയും. തെക്കില്‍ വില്ലേജില്‍ മണ്ഡലിപ്പാറയിലെ സര്‍ക്കാര്‍ ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്ന ആറ് കുടംബങ്ങള്‍ക്ക് ഒക്ടോബര്‍ 31 നകം പട്ടയം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു