എറണാകുളം: ദുരന്തങ്ങൾ നേരിടുന്നതിനുള്ള ആശയവിനിമയ സംവിധാനത്തിൻ്റെ കൃത്യത ഉറപ്പുവരുത്താൻ ജില്ലയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് മോക്ഡ്രിൽ നടത്തിയത്. ജില്ലയിൽ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാമാണ് ആശയ വിനിമയം സാധ്യമാകുക എന്നതാണ് മോക്ഡ്രില്ലിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയത്.
ഇൻമാർ സാറ്റ്, വി-സാറ്റ് എന്നീ ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഹോട്ട്ലൈൻ, ലാൻഡ് ഫോൺ, മൊബൈൽ, ഇ-മെയിൽ, വാട്സാപ്പ് തുടങ്ങിയ സംവിധാനങ്ങളും സമയാനുസൃതമായി മുന്നറിയിപ്പ് കൈമാറുമെന്ന് മോക്ക്ഡ്രില്ലിലൂടെ പരീക്ഷിച്ച് ഉറപ്പ് വരുത്തി.

അറബിക്കടലിൽ മക്കാൻ ട്രഞ്ചിനു സമീപത്തായി റിക്ടർ സ്കെയിലിൽ ഒൻപത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ തുടർച്ചയായുള്ള സുനാമി മുന്നറിയിപ്പെന്ന സന്ദേശമാണ് കൈമാറിയത്. ഇൻകോയ്‌സിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ആശയ വിനിമയ സംവിധാനങ്ങൾ വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നേവി, ദേശീയ ദുരന്ത നിവാരണ സേന, കോസ്റ്റ് ഗാർഡ്, ഫിഷെറീസ്, കോസ്റ്റൽ പോലീസ്, ഫയർ ആൻഡ്റെസ്ക്യൂ, തദ്ദേശ വകുപ്പ്, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ പ്രധാന വകുപ്പുകളിലേക്ക് ഉടനടി കൈമാറി. ജില്ലാ ദുരന്ത നിവാരണ അതോറിറ്ററികൾ അവ ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കൈമാറി.

രണ്ട്‍ വർഷത്തിലൊരിക്കൽ ദേശീയ തലത്തിൽ നടക്കുന്ന സുനാമി മോക്ക്ഡ്രിൽ വഴി സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പും ശേഷിയുമാണ് പരിശോധിക്കപ്പെടുന്നത്. മോക്ക്ഡ്രിൽ നിരീക്ഷകരായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഉദ്യോഗസ്ഥരെ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ നിയോഗിച്ചിരുന്നു.