ഈറ്റ-മുള വ്യവസായ മേഖല പുരോഗതിയുടെ പാതയില്‍- മന്ത്രി ഇ.പി. ജയരാജന്‍


കോട്ടയം: സംസ്ഥാന ബാംബു കോര്‍പ്പറേഷൻ കുമരകത്ത് ആരംഭിച്ച ബാംബു ബസാറിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിർവ്വഹിച്ചു. ഈറ്റ- മുള വ്യവസായത്തില്‍ ഉല്പാദന – വിപണന രംഗങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു

പ്രതിസന്ധിയിലായിരുന്ന ഈ മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും ഉണർവ് പകരുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. മുളയും ഈറ്റയും ഉപയോഗിച്ചുള്ള പരമ്പരാഗത ഉത്പന്നങ്ങൾക്കു പുറമേ വൈവിധ്യമാർന്ന മറ്റ് മൂല്യവർധിത ഉല്ലന്നങ്ങളുടെ നിർമ്മാണവും വർധിപ്പിച്ചു. ഈറയുടെയും മുളയുടെയും ലഭ്യത ഉറപ്പാക്കി. വ്യാപകമായി മുള വച്ചുപിടിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഇവയുടെ സംഭരണ വില പുതുക്കി നിശ്ചയിച്ചു. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പ് വരുത്തിയതിന് പുറമേ 20 ശതമാനം കൂലി വർധനവും സാധ്യമാക്കി.

പ്ലൈ ഫർണീച്ചറുകള്‍ക്കും മുളയും ആര്യവേപ്പും ചേർത്ത് നിർമ്മിച്ച ടൈലുകള്‍ക്കും ബാംബൂ കർട്ടനുകള്‍ക്കും അന്താരാഷ്ട്ര വിപണയിൽ വിപുല പ്രചാരം ലഭിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കുമരകത്തിൻ്റെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രം ഇവിടെ ആരംഭിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന വനവിഭവങ്ങളായ തേൻ, സുഗന്ധ ദ്രവ്യങ്ങൾ, പച്ചമരുന്നുകൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വിപണനവും ബാംബൂ ബസാർ വഴി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുമരകത്ത് നടന്ന ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു, ആദ്യ വില്‍പ്പനയും അദ്ദേഹം നിര്‍വഹിച്ചു. ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ഹണി ഗോപൻ ഏറ്റു വാങ്ങി. 315-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ കവണാറ്റിന്‍കരയിലെ കെട്ടിടത്തിലാണ് ബാംബു ബസാർ പ്രവര്‍ത്തിക്കുന്നത്.