തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള 40 വീടുകളുടെ നിർമാണം ആരംഭിക്കുന്നു. വീട് നിർമാണത്തിനുള്ള ആദ്യ ഗഡു തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഗുണഭോക്താക്കൾക്കു കൈമാറി.
പാവങ്ങൾക്ക് വീടെന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാവിധ ശ്രമങ്ങളും നടപ്പിലാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടത്തിപ്പിൽ 100 ശതമാനം പൂർത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച പോത്തൻകോട് ബ്ലോക്കിനെ അദ്ദേഹം അഭിനന്ദിച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള സെക്ക് ലിസ്റ്റിൽപ്പെട്ടവർക്കാണു വീട് അനുവദിക്കുന്നത്. പോത്തൻകോട്, മംഗലപുരം, അഴൂർ പഞ്ചായത്തുകളിൽ 12 വീട് വീതവും കഠിനംകുളം, അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 2 വീട് വീതവുമാണ് വീട് അനുവദിച്ചത്. നാലു ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുന്നത്. ആദ്യ ഗഡുവായ 50,000 രൂപയാണ് ഇന്നു ഗുണഭോക്താക്കൾക്ക് നൽകിയത്. 1,20,000 രൂപ കേന്ദ്ര വിഹിതവും, 1,12,000 ബ്ലോക്കും, 98,000 രൂപ ജില്ലാ പഞ്ചായത്തും, 70,000 രൂപ ഗ്രാമ പഞ്ചായത്തുമാണ് ഒരു ഗുണഭോക്താവിനു നൽകുന്നത്. ആറുമാസത്തിനുള്ളിലാണ് വീട് പൂർത്തികരിക്കേണ്ടത്.