ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ‘പെരുമയിൽ പൊലിമയിൽ തൃശൂർ’ വികസന ക്യാമ്പയിന് തുടക്കമായി. കഴിഞ്ഞ നാലര വർഷം ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയുടെ വികസനത്തിന്റെ സമഗ്ര ചിത്രവുമായി വികസന പുസ്തകം, വികസന വീഡിയോ, പോസ്റ്ററുകൾ, ഹ്രസ്വ വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്ററുകൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലെ മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നവകേരള മിഷനുകൾ എന്നിവ നടത്തിയ മികച്ച പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ, പ്രവർത്തനനേട്ടങ്ങൾ എന്നിവ വിശദീകരിക്കുന്നതാണ് വികസന പുസ്തകം. ജില്ലയുടെ വികസന കുതിപ്പിന്റെ നേർസാക്ഷ്യമാണ് വികസന വീഡിയോ. ജില്ലയിലെ പ്രധാന വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 17 ഹ്രസ്വ വീഡിയോകൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.