കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പിക്കു വേണ്ട പത്ത് ഹൈ ഫ്‌ളോ നേസല്‍ കാനുല(എച്ച്.എഫ്.എന്‍.സി) ഉപകരണങ്ങള്‍ പാരഗണ്‍ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കി. കമ്പനി ഡയറക്ടര്‍ റെജി കെ. ജോസഫ് ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് ഇവ കൈമാറി. രണ്ടര ലക്ഷം രൂപ വീതം വിലവരുന്ന ഉപകരണങ്ങളില്‍ അഞ്ചെണ്ണം വീതം പാലാ ജനറല്‍ ആശുപത്രിയിലേക്കും ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിലേക്കും നല്‍കും.

ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവരാണ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ എല്ലാ കിടക്കകളോടനുബന്ധിച്ചും ഓക്‌സിജന്‍ തെറാപ്പി സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സാധാരണ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി ഹെ ഫ്‌ളോ നേസല്‍ കാനുല രോഗികള്‍ക്ക് തികച്ചും ആയാസരഹിതമായി ഓക്‌സിജന്‍ സ്വീകരിക്കാന്‍ സഹായകമാണ്.കോട്ടയം ജില്ലാ ഭരണ കേന്ദ്രത്തിന്റെ സുകൃതം 500 കാമ്പയിനിന്റെ ഭാഗമായി പാരഗണ്‍ കമ്പനിയിലെ രോഗമുക്തരായ 15 പേര്‍ പ്ലാസ്മ ദാനം ചെയ്തിരുന്നു.