27ന് തിരുവനന്തപുരത്ത് ജനപ്രതിനധികളുടെ യോഗം
വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ സമരപന്തലിൽ ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. ഗ്രാമ സംരക്ഷണ സമിതി പ്രതിനിധികളുമായി ജില്ലാ കളക്ടർ വിവിധ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സുൽത്താൻ ബത്തേരി ഗജ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. വടക്കനാട് ഗ്രാമത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനുളള നടപടികളെ കുറിച്ച് ആലോചിക്കാൻ വനം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പ്രദേശ വാസികളുടേയും യോഗം മാർച്ച് 27 ന് തിരുവനന്തപുരത്ത് ചേരും. വടക്കനാട്ടിലെ വന്യമൃശല്യം തടയുന്നതിന് ശാസ്ത്രീയമായ മാർഗ്ഗ രേഖ തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്ത്വത്തിൽ രണ്ടാഴ്ചയ്ക്കകം പ്രദേശത്ത് വനം റവന്യുവിഭാഗം സംയുക്ത പരിശോധന നടത്തും. ഇതുപ്രകാരം തയ്യാറാക്കുന്ന റിപ്പോർട്ട് ഉടൻ തന്നെ പരിഗണനയ്ക്കായി സർക്കാരിലേക്ക് സമർപ്പിക്കും. വന്യജീവി അക്രമണങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം കാലതാമസമില്ലാതെ എത്തിക്കുന്നതിനായി പ്രത്യേക യോഗം ചേരും. വടക്കനാട്ടിലെ വനാതിർത്തിയിലെ കിടങ്ങുകൾ നന്നാക്കും. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ആഴം കൂട്ടാനുള്ള നടപടിയെടുക്കും. വനം വകുപ്പിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ വന്യമൃഗ അക്രമണത്തിൽ ജിവഹാനിയുണ്ടായവരുടെ ആശ്രിതർക്കും , കൃഷി നാശം നേരിട്ടവർക്കും 65 ലക്ഷം രൂപ ഈ വർഷം വിതരണം ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ സേവനം വ്യാപിപ്പിക്കും. ആന പ്രതിരോധ കിടങ്ങുകൾ, മതിലുകൾ , സൗരോർജ്ജ വേലി എന്നിവ കുടുതൽ വനാതിർത്തികളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.